2012, മാർച്ച് 25, ഞായറാഴ്‌ച

പുരസ്കാരം സ്വീകരിക്കാന്‍ നില്‍ക്കാതെ അനുഗ്രഹീത നടന്‍ ജോസ് പ്രകാ


വൈകിയെത്തിയ ജെ.സി. ഡാനിയല്‍ പുരസ്കാരം സ്വീകരിക്കാന്‍ നില്‍ക്കാതെ അനുഗ്രഹീത നടന്‍ ജോസ് പ്രകാശ് (87) യാത്രയായി. കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കടുത്ത പ്രമേഹരോഗവും വൃക്കരോഗവും അദ്ദേഹത്തെ അലട്ടിയിരുന്നു. കുറച്ചു ദിവസങ്ങളായി രോഗം കലശലായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
മലയാള ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനയ്ക്ക് സര്‍ക്കാര്‍ നല്‍കുന്ന ഈ വര്‍ഷത്തെ ജെ.സി.ഡാനിയല്‍ പുരസ്കാരം ജോസ് പ്രകാശിനായിരുന്നു. വെള്ളിയാഴ്ചയാണ് പുരസ്കാരം പ്രഖ്യാപിച്ചത്. എന്നാല്‍ അതറിയിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം ഐ.സി.യുവില്‍ അബോധാവസ്ഥയിലായിരുന്നു. ട്രാഫിക് ആണ് ജോസ് പ്രകാശ് അഭിനയിച്ച അവസാന ചിത്രം. 350ലേറെ സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
അര നൂറ്റാണ്ടായി അഭിനയരംഗത്ത് സജീവമായി നില്‍ക്കുന്ന ജോസ് പ്രകാശ് നാടകം, സിനിമ, സീരിയല്‍ മേഖലകളിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതില്‍ പ്രത്യേക വൈഭവം കാണിച്ചിട്ടുള്ള ജോസ് പ്രകാശ്, കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സ്വഭാവനടന്റെ വേഷങ്ങളാണ് കൈകാര്യം ചെയ്യുന്നത്.
1925 ല്‍ ചങ്ങാനാശേരിയിലായിരുന്നു ബേബി എന്നറിയപ്പെട്ട ജോസഫിന്റെ ജനനം. തിക്കുറിശ്ശി സുകുമാരന്‍ നായരാണ് ജോസഫിന് ജോസ് പ്രകാശ് എന്ന പേര് നല്‍കിയത്. ഒരുയാഥാസ്ഥിതിക കുടുംബത്തില്‍ ജനിച്ച അദ്ദേഹത്തിന് സിനിമ കണ്ടതിനാല്‍ വീട് വിട്ട് ഇറങ്ങേണ്ടിവരികയും പിന്നീട് ബ്രിട്ടീഷ് റോയല്‍ ആര്‍മിയില്‍ ചേരുകയായിരുന്നു. എന്നാല്‍ സിനിമയോടുള്ള താല്‍പര്യം കാരണം ഏഴ് വര്‍ഷത്തെ സൈനിക ജോലി ഉപേക്ഷിച്ച് നാടക സിനിമാ രംഗങ്ങളില്‍ സജീവമായി.ഗായകന്‍ ആയിട്ടാണ് ജോസ് പ്രകാശ് സിനിമാ രംഗത്തേക്ക് കടന്നുവന്നത്.
1953 റിലീസായ ശരിയോ തെറ്റോ എന്ന സിനിമയില്‍ ഗാനം ആലപിച്ചുകൊണ്ടാണ് അദ്ദേഹം തുടങ്ങിയത്. പാട്ടുകാരനായ വന്ന ജോസ് പ്രകാശ് ചെറിയ വേഷത്തില്‍ അഭിനന്ദിക്കുകയും ചെയ്തു. 1968 ലാണ് ജോസ് പ്രകാശ് അഭിനയ ജീവിതം തുടങ്ങിയത്. ലവ് ഇന്‍ കേരള എന്ന ചിത്രത്തിലായിരുന്നു അദ്ദേഹം ആദ്യമായി വില്ലനായി അഭിനയിച്ചത്. പി.എന്‍.മേനോന്റെ ഓളവും തീരവും എന്ന ചിത്രത്തില്‍ കുഞ്ഞാലി എന്ന കഥാപാത്രമായിരുന്നു ആദ്യമായി അഭിനയിച്ച വേഷം.
പി. പത്മരാജന്റെ 'പെരുവഴിയമ്പലം' തുടങ്ങിയ സിനിമകളില്‍ തന്റെ അഭിനയമികവ് തെളിയിച്ചു. ഒമ്പതു വര്‍ഷം മുമ്പ് വീഴ്ചയെതുടര്‍ന്ന് ഒരു കാല്‍ മുറിച്ചുമാറ്റേണ്ടിവന്നശേഷവും ജോസ് പ്രകാശ് അഭിനയം തുടര്‍ന്നു.  മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആശുപത്രിയിലെത്തി പുരസ്‌കാരം സമ്മാനിക്കാനിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ വിയോഗം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ